തിരുവല്ല: വിശ്വാസം സ്വീകരിക്കുക മാത്രമല്ല അതിനെ പരിപോഷിപ്പിക്കുകയും കാലഘട്ടത്തിന്റെ വെല്ലുവിളികളിലേക്ക് വിശ്വാസാധിഷ്ഠിതമായി ജീവിക്കുകയും അടുത്ത തലമുറയ്ക്ക് കൈമാറുകയും ചെയ്യുകയെന്നത് വിശ്വാസികളുടെ നിയോഗമാണെന്ന് ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത.
വാരിക്കാട് സെഹിയോന്‍ മാര്‍ത്തോമ്മാ പള്ളിയില്‍ മാര്‍ത്തോമ്മാ സഭാ നിരണം-മാരാമണ്‍ ഭദ്രാസനത്തിന്റെ വാര്‍ഷിക അസംബ്ലിയോഗത്തില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു മെത്രാപ്പോലീത്ത.
പുതിയ മാറ്റങ്ങളും ജീവിതശൈലികളും മനഷ്യജീവിതത്തിന്റെ എല്ലാ മേഖലകളെയും സ്വാധീനിച്ചു വരികയാണ്. എന്നാല്‍ എല്ലാ മാറ്റങ്ങളും പുരോഗതിയാകണമെന്നും മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു.കേരള സമൂഹത്തെ ഏറ്റവും കൂടുതല്‍ ഭീതിപ്പെടുത്തുന്ന ലഹരിക്കെതിരേ ഇടവകകളും യുവജനങ്ങളും ശക്തമായ ബോധവത്കരണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
ആരാധനാ ശുശ്രൂഷകള്‍ക്ക് റവ. ഉമ്മന്‍ കെ. ജേക്കബ് നേതൃത്വം നല്കി. സീനിയര്‍ വികാരി ജനറാള്‍ റവ. തോമസ് കെ. ജേക്കബ് ധ്യാനപ്രസംഗം നടത്തി. ഭദ്രാസനത്തിന്റെയും വിവിധ സ്ഥാപനങ്ങളുടെയും വാര്‍ഷിക റിപ്പോര്‍ട്ടും കണക്കും ഭദ്രാസന സെക്രട്ടറി റവ. തോമസ് മാത്യു പുന്നവേലിയും ബജറ്റ് ട്രഷറര്‍ അനീഷ് കുന്നപ്പുഴയും അവതരിപ്പിച്ചു.
വർഗീസ് മാമ്മൻ എംഎൽഎയെ യോഗം അനുമോദിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ വരവ്-ചെലവ് കണക്കുകള്‍ കൃത്യസമയത്തിനുള്ളില്‍ തയാറാക്കിയ ഇടവകകള്‍ക്കും സെന്ററുകള്‍ക്കുമുള്ള സര്‍ട്ടിഫിക്കറ്റും ട്രോഫിയും മെത്രാപ്പോലീത്ത വിതരണം ചെയ്തു.
റവ. കെ.എം. മാമ്മന്‍, റവ. കെ.ഇ. ഗീവര്‍ഗീസ്, റവ. മാത്യൂസ് എ. മാത്യു, ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളായ സി. തോമസ്, ജിജി ഇടിക്കുള, സൂസമ്മ സാമുവേല്‍ എന്നിവര്‍ പ്രസംഗിച്ചു.
ഭദ്രാസനത്തിന്റെ 2026-2029 കാലയളവിലേക്കുളള ഭദ്രാസന സെക്രട്ടറിയായി ഇരുവെളളിപ്ര ക്രിസ്തോസ് മാര്‍ത്തോമ്മാ ഇടവക വികാരി റവ. ബിജു കെ. ജോർജ് തെരഞ്ഞെടുക്കപ്പെട്ടു. ട്രഷററയായി വെള്ളാറ എബനേസർ മാര്‍ത്തോമ്മാ ഇടവാകാംഗം ബിനു ജോണിനെയും ഭദ്രാസന കൗണ്‍സിലംഗങ്ങളെയും തെരഞ്ഞെടുത്തു.